തലമുറമാറ്റം എഐസിസിയിലും? ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന, ചെന്നിത്തലയും പരിഗണനയിലില്ല

 | 
Ommen-Chandy-And-Chennithala
എഐസിസി പുനഃസംഘടനയിലും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കുമെന്ന് സൂചന

ന്യുഡല്‍ഹി: എഐസിസി പുനഃസംഘടനയിലും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കുമെന്ന് സൂചന. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ ഒഴിവാാക്കിയേക്കുമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. രമേശ് ചെന്നിത്തലയെയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

77 വയസുള്ള ഉമ്മന്‍ചാണ്ടിയെ അനാരോഗ്യവും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് വിവരം. 2018ല്‍ എഐസിസി ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

കേരളത്തില്‍ പ്രസക്ത സ്ഥാനങ്ങളില്‍ നിന്ന് മാറ്റപ്പെട്ട ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് വീണ്ടും വിളിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും നിലവില്‍ അതിനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് റിപ്പോര്‍ട്ട്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതില്‍ അതൃപ്തി പരസ്യമാക്കിയ ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍ഡിന് കടുത്ത നീരസമുണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. 

അതേസമയം മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചേക്കുമെന്ന് വിവരമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുല്ലപ്പള്ളി എത്തുമെന്നാണ് വിവരം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി നേരത്തെ എഐസിസി ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.