ജെൻ സി പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി രാജിവെച്ചു

അദ്ദേഹം രാജ്യം വിട്ട് ദുബൈയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ
 | 
KP Sarma Oli

നേപ്പാളിനെ ആളിക്കത്തിച്ച് തുടരുന്ന ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചു. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് രണ്ടാം ദിനം പദവി​യൊഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു.

19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫീസുകളും അഗ്നിക്കിരയാക്കി.

പ്രക്ഷോഭം തണുപ്പിക്കുന്നതിനായി ​ചൊവ്വാഴ്ച വൈകുന്നേരം സംയുക്ത യോഗം വിളിച്ചിരിക്കയാണ്, പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം. ഉടൻ തന്നെ അദ്ദേഹം രാജ്യം വിട്ട് ദുബൈയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണ ചുമതല ഉപപ്രധാനമന്ത്രിക്ക് കൈമാറിയാണ് കെ.പി ശർമ നാടുവിടുന്നത്.

പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. ​പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖക് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കൂടുതൽ മന്ത്രിമാരുടെ രാജിയോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കൂടിയാണ് തുടക്കമാകുന്നത്.
സേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദലുമായി ചർച്ച നടത്തിയതിനു പിന്നാലെ, സൈന്യത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചായിരുന്നു രാജിയെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നാണ് സൂചന.