ഗോള്‍വാള്‍ക്കറെയും പഠിച്ചിട്ട് വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണം; വിവാദ സിലബസില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍

 | 
Syllabus
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംഎ സിലബസില്‍ ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള സര്‍വകലാശാലാ യൂണിയന്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംഎ സിലബസില്‍ ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള സര്‍വകലാശാലാ യൂണിയന്‍. സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിക്കണം. ഇതെല്ലാം പഠിച്ചിട്ട് വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നതാണ് യൂണിയന്റെ നിലപാടെന്ന് യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസ്സന്‍ പറഞ്ഞു. 

നമ്മള്‍ എല്ലാ ആളുകളേയും കുറിച്ച് പഠിക്കണം. ഏത് മതഗ്രന്ഥത്തെ വിമര്‍ശിക്കുമ്പോഴും അതിനെ കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു ക്യാമ്പസാണ്. അവിടെ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. എംഎ പൊളിറ്റികിസില്‍ മാത്രമല്ല, എല്ലാവരും പഠിക്കണം. സവര്‍ക്കറെ പഠിച്ചുകൊണ്ട് വിമര്‍ശിക്കണമെന്ന് ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

നേരത്തേ സിലബസിനെ അനുകൂലിച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനും രംഗത്തെത്തിയിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. സവര്‍ക്കറും, എംഎസ് ഗോള്‍വാര്‍ക്കറും അടിത്തറയിട്ട ആശയത്തിലാണ് ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിസി പറഞ്ഞത്. പ്രതിഷേധം ഭയന്ന് സിലബസ് പിന്‍വലിക്കില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. 

പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററില്‍ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. സിലബസ് തയ്യാറാക്കിയത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണെന്നും ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങളുള്ളതിനാല്‍ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാറില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.