തിരുവനന്തപുരത്ത് യാത്രക്കാരായ അച്ഛനും മകള്‍ക്കുമെതിരെ ഗുണ്ടാ ആക്രമണം; പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമം

 | 
Pothencode

തിരുവനന്തപുരം പോത്തന്‍കോട് യാത്രക്കാരായ അച്ഛനും മകള്‍ക്കും എതിരെ ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതോടെ പിതാവിനെയും മകളെയും ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.

നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ  മുഖത്തടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ച് വലിക്കുകയും ചെയ്തു. പിതാവിന്റെയും മുഖത്തടിച്ചു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് 100 പവന്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പോത്തന്‍കോടിന് സമീപം കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞത് ഡിസംബര്‍ 11-ാം തിയതിയായിരുന്നു. കഴിഞ്ഞ ദിവസം ബാലരാമപുരത്ത് ലഹരിക്കടിമയായ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റിരുന്നു. പത്തിലധികം വാഹനങ്ങളും തകര്‍ക്കപ്പെട്ടു.