ദത്ത് നടപടിയില്‍ സര്‍ക്കാര്‍ ഇടപെടും; അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടുമെന്ന് സൂചന

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ നടപടിയില്‍ സര്‍ക്കാര്‍ ഇടപെടും. ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. ഇത് സംബന്ധിച്ച് വനിതാ ശിശു വികസന ഡയറക്ടര്‍ക്കും ശിശുക്ഷേമ സമിതിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമാണെന്നും ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ സര്‍ക്കാര്‍ അറിയിക്കും.
വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യത്തില്‍ ഇടപെട്ടത്. സംഭവത്തില്‍ മന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം ആരംഭിച്ചു. ശിശു ക്ഷേമ സമിതിക്ക് സംഭവിച്ചതെന്ന് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് പ്രസവ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുഞ്ഞിനെ എടുത്തു മാറ്റിയത്. പിന്നീട് കുഞ്ഞിനെ ദത്ത് നല്‍കുന്നതു വരെ പരാതിയില്‍ ആരും നടപടിയെടുത്തില്ലെന്നാണ് അനുപമയുടെ പരാതി. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ദത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് സിഡബ്ല്യുസി സ്വീകരിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, പേരൂര്‍ക്കട പോലീസ്, ഡിജിപി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചെയര്‍പേഴ്‌സണ്‍ സുനന്ദ, തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.