മദ്യവില വർധിപ്പിച്ച് സർക്കാർ, കൂടിയത് 10 മുതല്‍ 50 രൂപ വരെ; 341 ബ്രാന്‍ഡുകൾക്ക് വില വർധന ബാധകം, ‘ജവാനും’ വിലകൂടി

 | 
liquor

61 കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന 341 ബ്രാന്‍ഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ. ലീറ്ററിന് 10 രൂപ മുതല്‍ 50 രൂപ വരെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പാലക്കാട് ബ്രൂവറി തുടങ്ങാന്‍ അനുമതി ലഭിച്ച ഒയാസിസ് ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ മദ്യവിലയാണ് വർധിച്ചത്. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ‘ജവാന്‍ റമ്മിനും’ വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന ‘ജവാന്‍’ മദ്യത്തിന് 650 ആണ് പുതിയ വില. മദ്യവിലവര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

മാധബി പുരി ബുച്ച് പടിയിറങ്ങുന്നു; സെബിക്ക് പുതിയ മേധാവിയെ തേടി കേന്ദ്രം, വാഗ്ദാനം വൻ മാസ ശമ്പളം
ഒയാസിസിന്റെ 20 ബ്രാന്‍ഡുകള്‍ ആണ് ബെവ്‌കോ വഴി വിതരണം ചെയ്യുന്നത്. എവരിഡേ ഗോള്‍ഡ് ക്ലാസിക് ബ്രാണ്ടിക്ക് 630 രൂപയാണ് വില. (വില 173.79, നികുതി 436.21). ബ്രൂവറി വിവാദം കത്തിനില്‍ക്കെയാണ് സര്‍ക്കാര്‍ മദ്യത്തിനു വില കൂട്ടിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബീയറിനും വൈനിനുമാണ് ഇന്നു മുതല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.‌ മദ്യനിര്‍മാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10% വിലവര്‍ധന ഒരു കുപ്പിയിലുണ്ടാകും. 

കിങ്ഫിഷര്‍ അള്‍ട്ര ലാഗര്‍ ബീയറിന് 64.81 രൂപയാണ് വില. നികുതി 75.19 രൂപ ഉള്‍പ്പെടെ 140 രൂപയ്ക്കാണു വില്‍ക്കുന്നത്. ഹെനിക്കന്‍ ലാഗര്‍ ബീയറിന് 78.70 രൂപ വിലയ്‌ക്കൊപ്പം 91.30 രൂപ നികുതി ഉള്‍പ്പെടെ 170 രൂപയ്ക്കാണു ലഭിക്കുന്നത്. കിങ്ഫിഷര്‍ എക്‌സ്ട്രാ പ്രീമിയം ലാഗെര്‍ ബീയര്‍ 130 രൂപ (വില 60.19, നികുതി 69.81). കിങ്ഫിഷര്‍ സിഗനേച്ചര്‍ സ്‌ട്രോങ് ബീയര്‍ 110 രൂപ ( വില 50.93, നികുതി 59.07). ഹെവാര്‍ഡ്‌സ് 5000 എക്‌സ്ട്രാ സുപ്പീരിയര്‍ സ്‌ട്രോങ് ബീയര്‍ 150 രൂപ (വില 69.44, നികുതി 80.56). കെറോണ എക്‌സ്ട്രാ പ്രീമിയം ബീയര്‍ 220 രൂപ (വില 101.85, നികുതി 118.15). 

ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള 'റേറ്റ് കോണ്‍ട്രാക്ട്' അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വില കൂട്ടി നല്‍കും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബെവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ജനപ്രിയ ബീയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെട്ടത്.