അദാനി ഗ്രൂപ്പിന്റെ സമ്മർദത്തിനു സർക്കാർ വഴങ്ങരുതെന്ന് പിണറായി
എംഎസ് സി കമ്പനിയുമായി ഓഹരി വിൽപനയ്ക്ക് അദാനി ഗ്രൂപ്പ് ജൂൺ 29ന് തന്നെ കരാറിൽ ഏർപ്പെട്ടുവെന്നാണ് സെബിക്കു നൽകിയ അറിയിപ്പിൽ പറയുന്നതെന്നും സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഇത്തരത്തിൽ കരാറിൽ ഏർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ എംഎസ്‌സി കമ്പനി 49 ശതമാനം ഓഹരി നിക്ഷേപം നടത്തുമെന്നും അവർ സെബിയെ അറിയിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. നടക്കാൻ പാടില്ലാത്ത എന്തോ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അദാനി ഗ്രൂപ്പിന്റെ സമ്മർദത്തിനു വഴങ്ങി ഇതിന് സർക്കാർ അനുമതി നൽകരുതെന്നും പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അവരുടെ കാര്യങ്ങൾ എല്ലാം നടന്നു കഴിഞ്ഞു. കരാർ ഒപ്പുവച്ചു കഴിഞ്ഞു. സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രം ആലോചിക്കാൻ കഴിയുന്ന കാര്യങ്ങൾ അദാനിക്ക് ഇത്ര ധൈര്യമായി കാര്യങ്ങൾ നീക്കാൻ കഴിഞ്ഞത്. അവിടെയാണ് വ്യക്തത ഉണ്ടാകേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ ഏതു തരത്തിലാണു മുന്നോട്ടുപോകുന്നതെന്ന് തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറയണം. സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായ നീക്കമാണിതെന്നും വിഴിഞ്ഞം തുറമുഖത്തെ പുതിയ ഉടമയായ ബഹുരാഷ്ട്ര കുത്തകയ്ക്കു വിൽക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാവുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു.
