ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണം; ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നു; വെള്ളാപ്പള്ളി നടേശൻ

 | 
devaswom board

ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളാണെന്നും, ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നുവെന്നും വിമർശനം. നല്ല ഉദ്യോഗസ്ഥർക്ക് ദേവസ്വത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്നും യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.

ദേവസ്വം ഭരണത്തിൽ കെട്ടകാര്യങ്ങളാണ് നടക്കുന്നത്. സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. അതിന്റെ പഴി സർക്കാരുകൾ ഏറ്റെടുക്കേണ്ടി വരുന്നു. ക്ഷേത്ര വരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് വേണ്ടിവരുന്നത്. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാരുകൾ സഹിക്കേണ്ടതില്ല. ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാൻ ഇനിയും അമാന്തിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു. ഗുരുവായൂർ, കൂടൽമാണിക്യം മോഡൽ ഭരണം സർക്കാർ പരീക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.