ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മഖാന ബോര്‍ഡ്…; ബജറ്റില്‍ ബിഹാറിന് വാരിക്കോരി

 | 
nirmala sitaraman

2025ലെ കേന്ദ്രബജറ്റില്‍ അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി കൈനിറയെ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്. ഐഐടി പട്‌നയ്ക്കും പരമാവധി പ്രോത്സാഹനം നല്‍കാന്‍ ബജറ്റില്‍ നീക്കിയിരിപ്പുണ്ട്. ആരോഗ്യദായകമായ സ്‌നാക് എന്ന പേരില്‍ ഇപ്പോള്‍ വലിയതോതില്‍ അംഗീകരിക്കപ്പെടുന്ന മഖാനയെ പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കാന്‍ മാത്രമല്ല പാറ്റ്‌നയില്‍ ഉള്‍പ്പെടെ മറ്റ് വിമാനത്താവളങ്ങള്‍ നിര്‍മിക്കാനും ബജറ്റില്‍ പ്രോത്സാഹനമുണ്ട്. ബിഹാറിലെ മിതിലാഞ്ചല്‍ സ്വദേശികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒരു പ്രഖ്യാപനവും ധനമന്ത്രി ഇന്ന് നടത്തി. മിതിലാഞ്ചല്‍ വെസ്‌റ്റേണ്‍ കോസി കനാല്‍ നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇത് അന്‍പതിനായിരത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകും. മഖാന കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളിലെയാകെ ഭക്ഷ്യ വ്യവസായത്തിനും കയറ്റുമതിയ്ക്കും കരുത്തുപകരുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഐഐടി പാട്‌നയുടെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.