ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഫസ്റ്റം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒന്നരമാസമായി ജയിലിൽ ആയിരുന്നു ഗ്രോ വാസു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്.
വീഡിയോ കോൺഫറൻസ് വഴിയാണു കോടതി വിധി പറഞ്ഞത്. ഐപിസി 283, 143, 147 വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. സർക്കാരിന് നൽകിയ ഇരുട്ടടിയാണ് കോടതിവിധിയെന്ന് ഗ്രോ വാസുവിന്റെ സഹപ്രവർത്തകർ പറഞ്ഞു. 20 പ്രതികളുള്ള കേസിൽ 17 പ്രതികളെ കോടതി വെറുതെ വിടുകയും 2 പ്രതികൾ പിഴയടച്ച് കേസിൽ നിന്ന് ഒളഴിവാകുകയും ചെയ്തിരുന്നു.
ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടർന്ന് റിമാൻഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റുകയായിരന്നു. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ചപ്പോഴൊന്നും താൻ തെറ്റ് ചെയ്തില്ലെന്ന വാദത്തിൽ നിന്ന് വാസു പിന്നോട്ട് പോയില്ല.