ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗ് അന്തരിച്ചു

 | 
Varun Singh

കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗും അന്തരിച്ചു. ഇതോടെ ഡിസംബര്‍ 8നുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. ഹെലികോപ്ടറിലുണ്ടായിരുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ അന്നു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വരുണ്‍ സിംഗ് ബംഗളൂരു മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

അപകടത്തിന് പിന്നാലെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ചികിത്സ. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ഇദ്ദേഹത്തെ ശൗര്യചക്ര നല്‍കി ആദരിച്ചിരുന്നു. തകരാറിലായ തേജസ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചതിനായിരുന്നു ഇത്.

അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് വ്യോമ സേന ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരും മറ്റു 12 പേരുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.