ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

 | 
Vijay-Rupani
അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി. രാജിക്ക് കാരണമെന്താണെന്നത് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ സംസ്ഥാനമായ ഗുജറാത്തില്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് വിജയ് രൂപാണി മുഖ്യമന്ത്രിയായത്. 

രൂപാണിയുടെ രാജി ഗുജറാത്തിലെ ബിജെപിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഒന്നുകില്‍ പുതിയ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പ്രഖ്യാപിക്കുക അല്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുക എന്നീ മാര്‍ഗ്ഗങ്ങളാണ് ഇനി മുന്നിലുള്ളത്. രാഷ്ട്രപതി ഭരണം വന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നേരത്തേ നടത്തിയേക്കും. 

രാജിയുടെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും കര്‍ണാടകയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപി നടപടിയുടെ ആവര്‍ത്തനമാണ് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിലും ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ നേതൃത്വത്തിനെതിരെ ചെറിയ അസംതൃപ്തിയുണ്ടായാല്‍ പോലും വെട്ടി നിരത്തുകയെന്നതാണ് കര്‍ണാടകയിലും ഉത്തരാഖണ്ഡിലും ബിജെപി സ്വീകരിച്ച നിലപാട്. 

2016 ഓഗസ്റ്റിലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് മുന്‍പ് ആനന്ദി ബെന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.