ഗുരുവായൂരപ്പന്റെ ഥാര്‍ ലേലത്തില്‍ പിടിച്ച് പ്രവാസി വ്യവസായി; വിട്ടുനല്‍കുന്നതില്‍ സങ്കീര്‍ണതയെന്ന് ദേവസ്വം

 | 
Thar

മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കി പ്രവാസി വ്യവസായി. ബഹ്‌റൈനില്‍ വ്യവസായിയായ മലയാളി അമല്‍ മുഹമ്മദ് അലിയാണ് ഥാര്‍ ലേലത്തില്‍ പിടിച്ചത്. 15.10 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹം വാഹനം ലേലത്തില്‍ സ്വന്തമാക്കിയത്. അതേസമയം വാഹനം വിട്ടുനല്‍കുന്നതില്‍ സങ്കീര്‍ണ്ണതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹന്‍ദാസ് അറിയിച്ചു.

വാഹനം 25 ലക്ഷം രൂപയ്ക്കും വാങ്ങാന്‍ ഒരുക്കമായിരുന്നു എന്ന് അമലിന്റെ പ്രതിനിധിയായി എത്തിയ ആള്‍ ലേലത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് വാഹനം നല്‍കാന്‍ വിമുഖത കാട്ടുന്നതെന്നാണ് വിവരം. 25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആള്‍ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കി. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്.

ഇതിനായി ഇനി ദേവസ്വം ഭരണസമിതി യോഗം ചേരണം. എന്നാല്‍ ദേവസ്വത്തിന്റെ ഈ നിലപാട് ശരിയല്ലെന്നാണ് ലേലത്തില്‍ വാഹനം സ്വന്തമാക്കിയയാള്‍ പ്രതികരിച്ചത്. കാണിക്കയായി ലഭിച്ച വാഹനം ലേലത്തില്‍ വെക്കുമ്പോള്‍ മുഖവിലയായി 15 ലക്ഷം രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ലേലത്തില്‍ മറ്റാരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് 15.10 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചത്. എന്നാല്‍ ലേലത്തില്‍ പിടിച്ചയാള്‍ ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപ അടക്കേണ്ടി വരും.