കാക്കിയില്ലായിരുന്നെങ്കില്‍ പോലീസുകാരിക്ക് അടി കിട്ടുമായിരുന്നു; പിങ്ക് പോലീസ് പരസ്യ വിചാരണയില്‍ വടിയെടുത്ത് ഹൈക്കോടതി

 | 
pink police

ആറ്റിങ്ങലില്‍ മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഹൈക്കോടതി. കാക്കിയില്ലായിരുന്നെങ്കില്‍ പോലീസുകാരിക്ക് അടികിട്ടുമായിരുന്നെന്ന് കോടതി പറഞ്ഞു. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയത്. എന്തുതരം പിങ്ക് പോലീസാണിത്, എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ് എന്ന് കോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീയല്ലേ, ഇങ്ങനെയാണോ പെരുമാറേണ്ടത്. ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കല്‍പിച്ചില്ലെന്നും കോടതി പറഞ്ഞു.

ഈ സംഭവം നീതീകരിക്കാന്‍ ആകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് പോലീസ് ചിലപ്പോള്‍ പെരുമാറുന്നത്. വിദേശത്തായിരുന്നു ഇങ്ങനെയൊരു സംഭവമെങ്കില്‍ കോടികള്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നേനെ. കുട്ടിക്ക് പോലീസിനോടുള്ള പേടി ജീവിതകാലം മാറുമോ എന്നും കോടതി ചോദിച്ചു. കുട്ടിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്യുന്ന വീഡിയോ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.

ദൃശ്യങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുകയാണ്. വീഡിയോ കണ്ടതുകൊണ്ട് ഇക്കാര്യം മനസിലായി. പോലീസുകാരി അപ്പോള്‍ മാപ്പു പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം അന്നു തീര്‍ന്നേനെ. എത്ര സംഭവങ്ങള്‍ ഇതുപോലെ നടന്നു കാണുമെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ ഡിജിപിയോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സാ വിവരങ്ങള്‍ സീല്‍ വെച്ച കവറില്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടു.