ഹരിതയുടെ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അറസ്റ്റില്‍

 | 
Navas
മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു

മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിത നേതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മൊഴിയെടുക്കാന്‍ പോലീസ് നവാസിനെ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

ഉച്ചയ്ക്ക് ഒന്നരയോടെ ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനിലാണ് നവാസ് ഹാജരായത്. മൊഴിയെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ 10 അംഗങ്ങള്‍ വനിതാ കമ്മീഷനിലാണ് പരാതി നല്‍കിയത്. ഈ പരാതി വനിതാ കമ്മീഷന്‍ പോലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് എതിരെ ചുമത്തിയിരിക്കുന്നത്. 

പരാതിക്കാരെ പോലീസ് ചെമ്മങ്ങാട് സ്‌റ്റേഷനില്‍ വിളിച്ച് മൊഴിയെടുത്തിരുന്നു. ജൂണ്‍ 22ന് നടന്ന യോഗത്തില്‍ വെച്ച് ലൈംഗികമായി അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.