ഹരിയാന സംഘർഷം; ശക്തമായ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി

 | 
hariyana

സംഘർഷത്തെത്തുടർന്ന് ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദേശം തുടരുന്നു. ഉത്തർപ്രദേശിലും ദില്ലിയിലും ഹരിയാനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം പൊലീസ് ഏർപ്പെടുത്തി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പുതിയ അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 

അതേസമയം സംഘർഷത്തിന് ദിവസങ്ങൾക്കു മുൻപ് ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി ഉയർത്തിയുള്ള വീഡിയോകൾ മറ്റൊരു വിഭാഗം പങ്കുവെച്ചതായുള്ള റിപ്പോർട്ട് പുറത്തെത്തിയിട്ടുണ്ട്. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. ഒരു വിഭാഗം നടത്തിയ യാത്രയെ സംബന്ധിച്ചുള്ള വിശദവിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ 116 പേരെ റിമാന്റ് ചെയ്തു. 190 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. ഹരിയാനയിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് വിലക്ക് ഈ മാസം അഞ്ച് വരെ നീട്ടി

 ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നിവയിലെ പോസ്റ്റുകൾ നിരീക്ഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.