മഞ്ഞുരുകിയോ? ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെത്തി. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് വി.ഡി സതീശൻ അദ്ദേഹത്തെ കണ്ടത്. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ചെന്നിത്തല പെട്ടെന്ന് ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം ഇദ്ദേഹം തിരികെ എത്തിയതിന് പിന്നാലെയാണ് പിണറായി വിജയനെ കണ്ടതിന് ശേഷം ചെന്നിത്തലയെ കാണാനായി വി.ഡി സതീശൻ എത്തിയത്.
തുടർന്ന് മാധ്യമങ്ങളെ കണ്ട ഇരുവരും പഴയ സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവച്ചു. തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് വിഡി സതീശൻ മാധ്യമങ്ങളോ് പറഞ്ഞു. മന്ത്രിസഭയിൽ അദ്ദേഹമുണ്ടാകുമോ എന്ന ചോദ്യത്തിന്, അത് പാർട്ടി തീരുമാനിക്കും എന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയെ അനിഷ്ടം അറിയിച്ച ആളാണ് ചെന്നിത്തല. ഇതിന് പിന്നാലെ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ പിന്തുണ കത്ത് നൽകിയതിന് ശേഷം നേരെ ഗുരുവായൂരിലേക്ക് പോവുകയാണ് അദ്ദേഹം ചെയ്തത്. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞെങ്കിലും മന്ത്രിസഭയിൽ ചേരുമെന്ന ചോദ്യങ്ങളോട് അതൊക്കെ മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
