ക്രിമിനല്‍ കേസ് മറയ്ക്കാന്‍ വിദ്വേഷ പ്രചാരണം; നോ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാര ഒളിവില്‍, തെരച്ചില്‍ തുടരുന്നു

 | 
Thushara

ക്രിമിനല്‍ കേസ് മറയ്ക്കാന്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് ശേഷം ഒളിവില്‍ പോയ നോണ്‍ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയ്ക്കും ഭര്‍ത്താവിനുമായി തെരച്ചില്‍ തുടരുന്നു. കാക്കനാട് നിലംപതിഞ്ഞിമുകളില്‍ റെസ്റ്റോറന്റ് ഉടമ നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിന് ശേഷമാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയത്. നോണ്‍ ഹലാല്‍ ഹോട്ടല്‍ നടത്തിയതിന് 'ജിഹാദികള്‍' മര്‍ദ്ദിച്ചുവെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടത്.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നകുലും ബിനോജും ചികിത്സയിലാണെന്ന വിവരം പുറത്തു വന്നതോടെയാണ് വ്യാജ പ്രചാരണം പൊളിഞ്ഞത്. തുഷാരയ്ക്കും ഭര്‍ത്താവ് അജിത്തിനും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചു. ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതകക്കേസില്‍ പ്രതിയാണ് തുഷാരയുടെ ഭര്‍ത്താവ് അജിത്ത്. മറ്റൊരു പ്രതിയായ അപ്പുവും ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്.

നിസലംപതിഞ്ഞിമുകളിലെ ചില്‍സേ ഫുഡ്‌കോര്‍ട്ടിലാണ് ഇവര്‍ അതിക്രമം നടത്തിയത്. ഫുഡ്കോര്‍ട്ടില്‍ നകുല്‍ നടത്തുന്ന ഡൈന്‍ എന്ന റസ്റ്റോറന്റിന് മുന്നിലുള്ള പാനിപൂരി സ്റ്റാള്‍ പ്രതികള്‍ പൊളിച്ചു കളഞ്ഞു. ഈ കടയില്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു തുഷാര അവകാശപ്പെട്ടത്. അതിക്രമം ചോദ്യം ചെയ്യാന്‍ എത്തിയ നകുലിനെയും ബിനോജിനെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനോജിന് ശസ്ത്രക്രിയ ആവശ്യമായി വന്നു.

വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായാണ് ഇവര്‍ നോണ്‍ ഹലാല്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചത്. ഇത് കള്ളമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം അവശത അഭിനയിച്ച് തുഷാര നടത്തിയ ഫെയിസ്ബുക്ക് ലൈവുകള്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. വ്യാപകമായ വിദ്വേഷ പ്രചാരണമാണ് ഇതേത്തുടര്‍ന്ന് ഉണ്ടായത്. പിന്നീട് ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായിട്ടില്ല.