വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

 | 
reted

 കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സൈബർ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153 -കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 (എ) - മതസ്പർദ്ധ വളർത്തൽ, കേരള പൊലീസ് ആക്ട് 120 (ഒ) - ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.