പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന; കര്‍ദിനാള്‍ ക്ലിമീസ് ബാവയുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം

തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ അധ്യക്ഷതയിലാണ് യോഗം. വൈകിട്ട് നടക്കുന്ന യോഗത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മത നേതാക്കള്‍ പങ്കെടുക്കും. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, സാമുദായിക സൗഹാര്‍ദ അന്തരീക്ഷം ഉണ്ടാക്കാനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യങ്ങള്‍.
ചങ്ങനാശ്ശേരി ബിഷപ് മാര്‍ പെരുന്തോട്ടം, ആര്‍ച്ച് ബിഷപ് സൂസൈ പാക്യം, ധര്‍മരാജ് റസാലം, പാളയം ഇമാം വി. പി. സുഹൈബ് മൗലവി, പാണക്കാട് മുനവറലി തങ്ങള്‍, ഗുരു രത്നം ജ്ഞാനതപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. വിഷയത്തില്‍ ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തെറ്റാണെന്നും സാഹചര്യം വഷളാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.