തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം; നാല് ബിജെപിക്കാര്‍ അറസ്റ്റില്‍
തലശ്ശേരിയില്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പാലയാട് സ്വദേശി ഷിജില്‍, കണ്ണവം സ്വദേശികളായ ആര്‍ രംഗിത്, വി.വി ശരത്, മാലൂര്‍ സ്വദേശി ശ്രീരാഗ് എന്നിവരാണ് പിടിയിലായത്.
കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 143, 153എ, 147, 149 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഡിസംബര്‍ 1ന് തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസമരണത്തോട് അനുബന്ധിച്ച് ആര്‍എസ്എസും ബിജെപിയും നടത്തിയ റാലിയിലാണ് മതവിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.
നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല എന്നായിരുന്നു മുദ്രാവാക്യത്തിലെ വാക്കുകള്‍. സംഭവത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.