സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

 | 
njvh


എറണാകുളം: കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി.

സാങ്കേതിക സർവകലാശാല വി.സിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്നാണ് ചാൻസലർ കൂടിയായ ഗവർണർ യു.ജി.സി ചട്ടപ്രകാരം സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെയാണ്  സർക്കാർ ഹൈകോടതിയെ സമീപിച്ചത്. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതാണെന്നുമാണ് ഹർജിയിലെ വാദം. സിസയ്‌ക്ക് കെടിയു വിസിയായി ചുമതലയേൽക്കാനുള്ള മതിയായ യോഗ്യതയില്ലെന്നും ഹർജിയിൽ സർക്കാർ പറഞ്ഞിരുന്നു.

എന്നാൽ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്. കെ.ടി.യു താല്‍ക്കാലിക വിസി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഡോ.സിസ തോമസ് വ്യക്തമാക്കിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു.