മസാല ബോണ്ട് കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി; ഇഡിക്ക് വൻ തിരിച്ചടി

 | 
Thomas Issac

‌കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച്. ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് സിംഗിൾ െബഞ്ച് ജ‍ഡ്ജി ടി.ആർ.രവി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാൻ തയാറായില്ല. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തിൽ ചില വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്ന് രേഖകൾ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഏപ്രിൽ 26ന് നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു തോമസ് ഐസക്ക്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി ഡിവിഷൻ െബഞ്ചിനെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്നു കൂടെ എന്നായിരുന്നു ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൾ ഹക്കീം എന്നിവരുടെ ബ‍ഞ്ച് ചോദിച്ചത്. അതിനു ശേഷവും ഇ.ഡി ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. താൻ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്. കിഫ്ബി അധികാരപദവിയിൽ ഇരുന്നത് മന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇ.ഡി വേട്ടയാടുന്നു എന്നാണ് ഐസക്കിന്റെയും സിപിഎമ്മിന്റെയും നിലപാട്.