ലഹരി കേസിൽ കുടുക്കും'; സിജെപി സമരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഭീഷണി
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്.
സംഭവത്തിന്റെ വീഡിയോ മുംബൈ കോൺഗ്രസ് എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. വീണ്ടും പ്രതിഷേധത്തിലേക്കു നീങ്ങിയാൽ വ്യാജ ലഹരിക്കേസിൽപ്പെടുത്തി അകത്തിടുമെന്നാണ് വീഡിയോയിൽ പോലീസുകാരൻ പറയുന്നത്. വാഹനത്തിനകത്ത് വിദ്യാർഥികളെ ഇരുത്തിക്കൊണ്ടായിരുന്നു ഭീഷണി. മുൻസീറ്റിലിരുന്ന പോലീസുകാരൻ പിൻസീറ്റിലിരിക്കുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതെല്ലാം പിന്നിലിരുന്ന വിദ്യാർഥികൾ ഫോണിൽ പകർത്തുകയായിരുന്നു.
നിങ്ങളെ ഇനി ഇവിടെ കണ്ടാൽ നിങ്ങളുടെ ജീവിതം ഞാൻ തകർക്കും. നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും, പോലീസുകാരൻ വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പോലീസുകാരൻ പറയുന്നുണ്ട്.
