നിപ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ളത് ആരോഗ്യപ്രവര്‍ത്തകര്‍; പ്രൈമറി കോണ്‍ടാക്ടിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും

കോഴിക്കോട്: കോഴിക്കോട് നിപ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് ആരോഗ്യപ്രവര്‍ത്തകര്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ച് 12 വയസുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ഇവരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകരാണ് ചികിത്സയിലുള്ളത്.
ഒരു സ്വകാര്യ ക്ലിനിക്കിലാണ് കുട്ടി ആദ്യം എത്തിയത്. ഇവിടെ 9 പേരുമായി സമ്പര്‍ക്കത്തിലായി. പിന്നീടാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഏഴോളം പേരുമായി ഇവിട സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇതിന് ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തി. അതിന് ശേഷമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എല്ലായിടത്തുമായി 188 പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.
ഇവരില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ള പ്രൈമറി കോണ്ടാക്ടുകള്‍ 20 പേരാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാര്‍ഡിലായിരിക്കും ഇവരെ പ്രവേശിപ്പിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ബ്ലോക്കിലെ ആദ്യ നിലയില്‍ നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കും. മറ്റു രണ്ടു നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കും.
കോഴിക്കോട് മാവൂരാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.