കനത്ത മഴ; തിരുവനന്തപുരത്ത് റെയില്‍ ഗതാഗതം തടസപ്പെട്ടു, പലയിടത്തും നാശനഷ്ടങ്ങള്‍

 | 
train

തിരുവനന്തപുരത്ത് കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍. മലയോര മേഖലയായ വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തിയും ഒരു വശത്തേക്കുള്ള റോഡും തകര്‍ന്നതിനാല്‍ നാഗര്‍കോവില്‍ റൂട്ടില്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു.

ഇരണിയലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില്‍ വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി.

അറബിക്കടലില്‍ ഇപ്പോഴും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം. അടുത്ത 12 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.