കനത്ത മഴ; ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം

 | 
veena

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകള്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്പുകളില്‍ ആവശ്യമെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.