സംസ്ഥാനത്ത് കനത്ത മഴ; മണ്ണിടിച്ചിൽ

നാല് പേർ മരിച്ചു
 | 
Mazha

മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. നാല് പേർ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. ഇടുക്കിയിലും കോട്ടയത്തുമാണ് മരണമുണ്ടായത്.

കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങി. ഇടുക്കി ജില്ലയിലും മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ടായി. തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു സ്ത്രീ മരിച്ചു. മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും മരിച്ചു.

ജോസഫിന്റെ മൃതദേഹം മണ്ണിനടിയിൽ നിന്നാണ് കണ്ടെടുത്തത്. റെജീനയുടെ മൃതദേഹം പിന്നീട് തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇവർ രണ്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു മരിച്ചു. വൈക്കം സ്വദേശി പ്രഭാകരൻ നായർ ( (72) എന്നയാളാണ് മരിച്ചത്.

പത്തനംതിട്ട സീതത്തോട്, ചിറ്റാർ ഭാഗങ്ങളിൽ ഉൾപ്രദേശങ്ങളിൽ ഉരുൾ പൊട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. മൂന്നു ജില്ലയിലും പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.  കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ്.സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായി വിവരം ലഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.

മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം,പാലക്കാട്, കോഴിക്കോട്,കണ്ണൂർ  ജില്ലകളിലാണ് അവധി.