സംസ്ഥാനത്ത് കനത്ത മഴ; പലയിടത്തും മരംകടപുഴകി, ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെയും ബാധിച്ചു

സംസ്ഥാനത്ത് വീണ്ടും മഴക്കെടുതി. പലയിടങ്ങളിലും മരംകടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച കാസര്‍കോടും വയനാടും കനത്ത മഴയും കാറ്റുമുണ്ടായി. നിര്‍ത്താതെ മഴ പെയ്യുന്നില്ലെങ്കിലും ഇടവിട്ട് ഇടവിട്ട് പെയ്യുന്ന മഴ കനത്ത നാശം വിതയ്ക്കുകയാണ്. കാസര്‍കോട് ചിറ്റാരിക്കലില്‍ മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് കാറ്റാന്‍കവല ഉന്നതിയിലെ നാലുകുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. സമീപത്തെ സ്‌കൂളിലേക്ക് 22 പേരെ മാറ്റി. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ദേശീയപാതയില്‍ മരംവീണു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്.
കണ്ണൂര്‍ ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. കക്കാടുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയതോടെ മുളപ്ര പാലം വെള്ളത്തിലായി. കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇവിടെ വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴ് വരെ അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.
തൃശ്ശൂര്‍ കലശമല പ്രദേശം മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഇക്കോ ടൂറിസം സെന്ററിന്റെ ഭാഗമായ കുന്നിന്റെ ചെറിയ ഭാഗം ഇടിഞ്ഞിട്ടുണ്ട്. അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായാല്‍ ജനങ്ങള്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശമുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലും ഞായറാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണുള്ളത്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെയടക്കം ബാധിച്ചിട്ടുണ്ട്.