സംസ്ഥാനത്ത് കനത്ത മഴ; കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

 | 
rain
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളില്‍ മഴയെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5 മണിയോടെ വീടിന് പിന്നിലുണ്ടായിരുന്ന ചെങ്കല്‍ മതില്‍ കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. കൊല്ലം തെന്‍മലയില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് മരിച്ചത്. അടൂരില്‍ റോഡരികില്‍ നിന്ന മരം കടപുഴകി വീണ് ബൈക്കില്‍ സഞ്ചരിക്കുകായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി.ടി.രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്.

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതേത്തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. നെല്ലിയാമ്പതി ചുരത്തിവും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. വിവിധ ഡാമുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നു വിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്.