മോന്‍സണുമായി ബന്ധമില്ലെന്ന് ഹൈബി ഈഡന്‍; തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും
തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമില്ലെന്ന് ഹൈബി ഈഡന്‍ എംപി. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അനാവശ്യ വിവാദം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നും സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഹൈബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാല് വര്‍ഷം മുന്‍പ് ഒരിക്കല്‍ വീട് സന്ദര്‍ശിച്ചു എന്നല്ലാതെ മോന്‍സണുമായി ഫോണില്‍ ബന്ധപ്പെടുകയോ ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. മോന്‍സണ് വേണ്ടി താന്‍ ഇടപെട്ടു എന്ന് പരാതിയുള്ളവര്‍ മുന്നോട്ടുവരണം. മോന്‍സണിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മോന്‍സണെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്ക് അറിയില്ല. ഇത്തരം ആരോപണങ്ങളില്‍ പൊതുപ്രവര്‍ത്തകരുടെ പേര് വലിച്ചിഴയ്ക്കുമ്പോള്‍ അത് പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. തട്ടിപ്പിനിരയായ ആളുകള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്നും തന്റെ പേര് അത്തരത്തില്‍ വലിച്ചിഴയ്ക്കുന്ന മാധ്യമങ്ങള്‍ക്കും പരാതിക്കാര്‍ക്കും എതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ഹൈബി പറഞ്ഞു.