കോവിഡ് മൂലം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് വേണ്ടി ഹൈക്കോടതി ഇ‍ടപെടൽ

 | 
high court

കോവിഡ്  മൂലം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്ക് വേണ്ടി ഹൈക്കോടതി ഇ‍ടപെടൽ. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവ ഇല്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെടരുതെന്നാണ് കോടതിയുടെ നിർദേശം. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു. 

പഠനസൗകര്യങ്ങൾ ഇല്ലാത്ത കാര്യം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സംസ്ഥാന ഐ.ടി. മിഷനുമായി ചേർന്ന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിലൂടെ സ്‌കൂളുകൾക്കും കുട്ടികൾക്കും തങ്ങളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയും. വ്യക്തികളും സ്ഥാപനങ്ങളും വിദേശമലയാളികളും അടക്കം സഹായങ്ങൾ ചെയ്യാൻ കഴിയുന്നവർക്ക് സഹായം ഉറപ്പാക്കാൻ കഴിയുന്ന സുതാര്യമായ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിർദേശിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.