ഹൈക്കോടതി നിര്‍ദേശം; ചുരുളിയിലെ സഭ്യമല്ലാത്ത ഭാഷ വിലയിരുത്താന്‍ പോലീസ് സംഘം സിനിമ കാണും

 | 
Churuli

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രം കേരള പോലീസിന്റെ പ്രത്യേക സംഘം കാണുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ട് നല്‍കുന്നതിനായാണ് പോലീസ് സിനിമ കാണുന്നത്. സിനിമയിലെ ഭാഷ സഭ്യമല്ലെന്നും അതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് ചിത്രം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് നടപടി. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ. നസീമ എന്നിവരാണ് പ്രത്യേക സംഘത്തിലെ അംഗങ്ങള്‍.

ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ചിത്രം ഏതെങ്കിലും വിധത്തില്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ ഡിജിപിയെ സ്വമേധയാ കക്ഷിചേര്‍ത്തു കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ചുരുളിക്കെതിരെ കോടതിയെ സമീപിച്ചത്. പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത ചിത്രം സോണി ലിവില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി.

വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുകയെന്നും കോടതി ചോദിച്ചു. സിനിമയുടെ ഇതിവൃത്തം പരാമര്‍ശിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചത്. ക്രിമിനലുകള്‍ താമസിക്കുന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ ഹൈക്കോടതിക്ക് സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.