അനുപമയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാതെ ഹൈക്കോടതി

ദത്ത് വിവാദത്തില്‍ അനുപമ ചന്ദ്രന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചില്ല. ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ ആരെങ്കിലും നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനിടയില്‍ ഹേബിയസ് കോര്‍പസ് നിലനില്‍ക്കുമോ എന്ന നിയമ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് കോടതി വ്യക്തമാക്കിയതോടെ അനുപമയുടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. 2020 ഒക്ടോബറില്‍ ജന്മം നല്‍കിയ കുഞ്ഞിനെ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് എടുത്തുകൊണ്ടു പോയെന്നും പിന്നീട് കുഞ്ഞിനെ വിട്ടുകിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, പേരൂര്‍ക്കട സിഐ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ ആവശ്യം. കുഞ്ഞിന്റെ അമ്മ ജീവനോടെയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാല്‍ പേരൂര്‍ക്കട കുടുംബ കോടതി കുഞ്ഞിന്റെ ദത്തു നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.