കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കുപ്പിവെള്ളം ഉത്പാദക കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. വില നിര്‍ണയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.
വില നിര്‍ണയത്തില്‍ വേണ്ട നടപടികള്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കളുടെ പട്ടികയില്‍ പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. പല കമ്പനികള്‍ വെള്ളത്തിന് പല വിലയായിരുന്നു ഈടാക്കിയിരുന്നത്. ഇതും വിലനിയന്ത്രണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
20 രൂപ വരെ വിലയീടാക്കിയിരുന്ന കുപ്പിവെള്ളത്തിന് 13 രൂപയാക്കി വില പുനര്‍നിര്‍ണയിക്കുകയായിരുന്നു സര്‍ക്കാര്‍ ഉത്തരവിലൂടെ. കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ കൂടിയ വിലയ്ക്ക് വെള്ളം വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍മാരെയും താലൂക്ക് സപ്ലൈ ഓഫിസറേയും ചുമതലപ്പെടുത്തിയിരുന്നു.