കണ്ണൂര്‍ വിസി നിയമനം ശരിവെച്ച് ഹൈക്കോടതി; വിവാദത്തിനിടെ സര്‍ക്കാരിന് ആശ്വാസം

 | 
Kannur VC

വിസി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കെ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ശരിവെച്ചു. വിസി നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് വിധി. കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് വിസി നീക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്നാണ് കോടതി ചോദിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ ഒപ്പുവെക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന് ഗവര്‍ണ്ണര്‍ തുറന്നടിച്ചതാണ് വിവാദത്തിന് കാരണമായത്. നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും താന്‍ ചാന്‍സലര്‍ സ്ഥാനം ഒഴിയുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.