ഹൗസ് സര്‍ജന്‍മാരും സമരത്തിലേക്ക്; പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു

 | 
Doctors

പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ഹൗസ് സര്‍ജന്‍മാരും സമരത്തിലേക്ക്. തിങ്കളാഴ്ച ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സര്‍ജന്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അധ്യാപക സംഘടനകളും ഇവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം നാളെ തടസപ്പെട്ടേക്കും.

12 ദിവസമായി തുടരുന്ന പിജി ഡോക്ടര്‍മാരുടെ സമരം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലാണ്. എമര്‍ജന്‍സി സേവനങ്ങളിലും നിസഹകരണം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം മൂന്നു ദിവസമായി തുടരുന്നു. എന്നിട്ടും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹൗസ് സര്‍ജന്‍മാര്‍ സൂചനാ സമരം നടത്തുന്നത്.

പിജി ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജോലിഭാരം ഇരട്ടിച്ചതായും നേരത്തേ നല്‍കിയ സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് പുനസ്ഥാപിച്ചിട്ടില്ലെന്നും ഹൗസ് സര്‍ജന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അത്യാഹിത വിഭാഗം, കോവിഡ് എന്നിവയൊഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. രാവിലെ 8 മണി മുതല്‍ 24 മണിക്കൂറാണ് സമരം.