വേടൻ അറസ്റ്റിൽ; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ‍‍ഡോക്ടറാണ് വേടനെതിരെ പരാതി നൽകിയത്
 | 
vedan

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി​ അറസ്റ്റിൽ. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യപരിശോധനക്ക് ശേഷം വേടനെ വിട്ടയക്കും. കേസിൽ ചോദ്യം ചെയ്യലിനായി വേടൻ പൊലീസിന് മുന്നിൽ ഹാജരായിരുന്നു. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് വേടനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ‍‍ഡോക്ടറാണ് റാപ്പർ വേടനെതിരെ പീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്‍ വരെയുള്ള കാലയളവിൽ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ടായിരുന്നു.

എന്നാൽ, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക് അപ്പിന് ശേഷം ആരോപണങ്ങളുമായി മറ്റയാളുടെ ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് വേടനും മൊഴി നൽകി.

വേടനെതിരെ ഗവേഷക വിദ്യാർഥി കൂടി പിന്നീട് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയുടെ ഓഫിസിൽ നല്‍കിയ പരാതി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും 2020ൽ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞുവെന്നും അവിടെ വെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.