ഞാന്‍ നാലണ മെമ്പര്‍ മാത്രം, പക്ഷേ ഉമ്മന്‍ ചാണ്ടിയോട് ആലോചിക്കണം; പൊട്ടിത്തെറിച്ച് ചെന്നിത്തല

സംഘടനാപരമായ കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയോട് ആലോചിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു
 | 
Chennithala
കോണ്‍ഗ്രസിലെ പരിഷ്‌കാരങ്ങളില്‍ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

കോണ്‍ഗ്രസിലെ പരിഷ്‌കാരങ്ങളില്‍ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല. സംഘടനാപരമായ കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയോട് ആലോചിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. താന്‍ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടി അങ്ങനെയല്ല. അദ്ദേഹം എ.ഐ.സി.സി. വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

താന്‍ അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. അഹങ്കാരത്തിന്റെ ഭാഷയില്‍ താന്‍ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മുതിര്‍ന്ന നേതാവ് എന്ന് പറയുമ്പോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത്. ഇപ്പോള്‍ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നു. അതിനു മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. 

കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു. 17 വര്‍ഷം ഞാനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ചു. താന്‍ കെ.പി.സി.സി. പ്രസിഡന്റും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായി. ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോണ്‍ഗ്രസ് നടത്തിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസില്‍ വി.ഡി.സതീശനും കെ.സുധാകരനും നേതൃത്വത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ തുടരുന്ന കലാപങ്ങളില്‍ ഏറ്റവും പുതിയ പ്രതികരണമാണ് ചെന്നിത്തലയുടേത്. പുതിയ അധികാര കേന്ദ്രത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സാധൂകരിക്കുകയാണ് ചെന്നിത്തലയുടെ പ്രതികരണം.