‘പരസ്യ വിവാദം തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, പാലക്കാടിന് നല്ലത് വരണം നല്ലത് തോന്നണം എന്ന് പ്രാർത്ഥിക്കും’ : പി സരിൻ
വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ടെന്നും പി സരിൻ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ട്. വളരെ ശക്തമായൊരു തീരുമാനമാണത്. അവർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊരു പരിഹാരമുണ്ടാകണമെന്നും വിളിച്ചു വരുത്തിയൊരു ഉപതെരഞ്ഞെടുപ്പിൽ അവർക്ക് ഒരു അതിഥിയെ മാത്രമാണ് വിജയിപ്പിക്കാൻ കഴിയുക എന്നതുമാണ്. ആ അതിഥി ഈ ആതിഥേയൻ തന്നെയാകുമ്പോൾ അവർക്ക് വലിയ പ്രതീക്ഷകളുമായിരിക്കും. അതുകൊണ്ട് ജനങ്ങളുടെ മനസിലുള്ള ഒരു പരിഹാര നിർദേശമായിത്തന്നെ ഒരാളുടെ പേരിലേക്ക് എന്നോ എത്തിച്ചേർന്നു. വിഷങ്ങളെല്ലാം പഠിച്ച് മനസിലാക്കി തന്നെയാണ് ആ തീരുമാനം. ആ തീരുമാനത്തെ അട്ടിമറിക്കാൻ മറ്റൊന്നിനും സാധിക്കില്ല – സരിൻ വ്യക്തമാക്കി.
പോളിംഗ് ശതമാനം നിലനിർത്താൻ കഴിയുമെന്നും സരിൻ പറഞ്ഞു. വോട്ടർമാർ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അനുയോജ്യരായ സ്ഥാനാർത്ഥി ആരാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും സരിൻ ട്വന്റിഫോറിനോട് പറഞ്ഞു. പറ്റുമെങ്കിൽ എല്ലാ ബൂത്തുകളും സന്ദർശിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന് സരിൻ പറഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കണം എന്ന് ആഗ്രഹിക്കുന്നു.
പാലക്കാടിന് നല്ലത് വരണം നല്ലത് തോന്നണം എന്ന് പ്രാർത്ഥിക്കും. രാഹുലിനോട് കുറച്ചെങ്കിലും സഹതാപം കാണിക്കണം. അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയില്ല – സരിൻ വ്യക്തമാക്കി.