സർക്കാർ പ്രതിനിധികൾ വരാത്തത് എന്തുകൊണ്ടെന്ന് അറിയില്ല, പരിശോധിച്ച് അറിയിക്കാം;ആലുവ സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ്

 | 
muhammed riyas

തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ പ്രതിനിധികൾ വരാത്തത് എന്തുകൊണ്ടെന്ന് അറിയില്ല, പരിശോധിച്ച ശേഷം അറിയിക്കാം. കേരളത്തിൽ നല്ല രീതിയിലുള്ള പൊലീസ് സംവിധാനമാണുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയയാണെന്നും അതിന് ഉദാഹരണമാണ് ഐഐപിഎസ് ഡയറക്ടർ കെ എസ് ജെയിംസിനെ പുറത്താക്കിയതെന്നും മന്ത്രി പറഞ്ഞു. ഡാറ്റകൾ സംസാരിക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ വാദങ്ങൾ പൊളിയുകയാണ്. ഐഐപിഎസ് പറഞ്ഞത് കള്ളമല്ല വസ്തുതയാണന്നും മന്ത്രി പറഞ്ഞു. അതിന് പിരിച്ച് വിടുകയല്ല വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് സംസ്ഥാനത്തോട് ശത്രുതാ മനോഭാവമാണ്. കേന്ദ്രത്തിൻ്റേത് രാഷ്ട്രീയ പക പോക്കലാണന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

കേന്ദ്ര ഫണ്ടുകൾ ഔദാര്യമല്ല. ദേശീയ പാതയ്ക്ക് കാലണ നൽകിയില്ലെന്ന ബിജെപിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. പ്രസ്താവന പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് നിതിൻ ഗഡ്കരി തന്നെ പറഞ്ഞതായി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.