ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.15 അടി

 | 
Dam

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കുമെന്ന് മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 13-ാം തിയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ശേഷമോ 14-ാം തിയതി രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് 100 ക്യുമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ ഡാമില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. 2398.38 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെയുള്ള കണക്ക് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.15 അടിയാണ് ജലനിരപ്പ്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 20-ാം തിയതി വരെ 141 അടി വെള്ളം സംഭരിക്കാനാവും. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതേസമയം ഡാമിലേക്കുള്ള നീരൊഴുക്ക് 3967 ഘനയടിയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.