ഇടുക്കി അണക്കെട്ട് തുറന്നു; പുറത്തേക്കൊഴുക്കുന്നത് സെക്കന്‍ഡില്‍ 40,000 ലിറ്റര്‍
ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടറാണ് തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഡാമില്‍ നല്‍കിയിരിക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയെത്തിയതിനാല്‍ അധികജലം പുറത്തേക്കൊഴുക്കാന്‍ സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് ഇടുക്കിയില്‍ ജലനിരപ്പ് കുറയ്ക്കുന്നത്.
ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടി പിന്നിട്ടതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. നവംബര്‍ 20 വരെയുള്ള അപ്പര്‍ റൂള്‍ കര്‍വ് അനുസരിച്ച് 141 അടി വെള്ളം വരെ ഡാമില്‍ സംഭരിക്കാം. എന്നാല്‍ ശക്തമായ മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് സൂചന.