ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യതി മന്ത്രി

 | 
Idukki dam

ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാം തുറക്കുന്നതിന് മുന്നോടിയായി രണ്ടാമത്തെ മുന്നറിയിപ്പ് ഇന്ന് രാവിലെ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഉത്പാദനം പൂര്‍ണ്ണതോതില്‍ ആക്കിയിരിക്കുന്നതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കെഎസ്ഇബി രാവിലെ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും ഇത്തരമൊരു സാഹചര്യമില്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ശക്തമായ മഴയുണ്ടായാല്‍ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്ന നിഗമനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

2403 അടിയാണ് ഇടുക്കി സംഭരണിയുടെ പൂര്‍ണ്ണ ശേഷി. ഡാം റൂള്‍ കര്‍വ് അനുസരിച്ച് 2398.86 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതിന് മുന്നോടിയായി മൂന്ന് അലര്‍ട്ടുകള്‍ നല്‍കും. 2390.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ കഴിഞ്ഞ ദിവസം ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. 2397.86 അടിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും തമ്മില്‍ ഒരടിയുടെ വ്യത്യാസം മാത്രമേയുള്ളു.

ജലനിരപ്പ് പൂര്‍ണ്ണ ശേഷിയില്‍ എത്തുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് നിലവില്‍ കെഎസ്ഇബിയും വൈദ്യുതി വകുപ്പും തീരുമാനിച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ പരാമര്‍ശം നല്‍കുന്ന സൂചന.