ഇടുക്കി ഡാം അല്‍പ സമയത്തിനുള്ളില്‍ തുറക്കും; പെരിയാറില്‍ ജാഗ്രത

 | 
Idukki dam

ഇടുക്കി ഡാം അല്‍പ സമയത്തിനുള്ളില്‍ തുറക്കും. പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് രാവിലെ 11 മണിക്ക് തുറക്കുന്നത്. ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 100 ക്യുമെക്‌സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നത്.

ഡാം തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രിയില്‍ തന്നെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍കരുതലുകളുടെ ഭാഗമായി വെള്ളം ഒഴുകിയെത്തുന്ന ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. പെരിയാറിന്റെ തീരത്ത് ഇടുക്കി, എറണാകുളം ദുരന്തനിവാരണ അതോറിറ്റികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 6 മണിക്ക് തുറന്നിരുന്നു. ഇവിടെ നിന്നുള്ള വെള്ളം ഉച്ചയ്ക്ക് 12 മണിയോടെ ആലുവ-കാലടി ഭാഗത്തെത്തും. ഇരു ഡാമുകളിലെയും വെള്ളം എത്തുന്നതോടെ പെരിയാറില്‍ ഒരു മീറ്ററോളം ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്. നദിയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സെല്‍ഫിയെടുക്കുന്നതിനും ലൈവ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.