ഇടുക്കി ഡാം നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

 | 
Idukki

ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുന്നു. രാവിലെ 11 മണിക്ക് ചെറുതോണി ഡാമിന്റെ 2 ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ 11 മണിക്ക് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് വിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഷീബ ജോര്‍ജ് വ്യക്തമാക്കി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

2396.86 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്ന് രാവിലെ 7 മണിക്ക് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴയുടെ ശക്തിയും നീരൊഴുക്കിന്റെ അളവും അനുസരിച്ച് ഇന്ന് വൈകുന്നേരം 6 മണിയ്ക്കു റെഡ് അലെര്‍ട്ടും ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അപ്പര്‍ റൂള്‍ ലെവല്‍ ആയ 2398.86 അടിയും വരുന്നതിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ഇടമലയാര്‍ ഡാം കൂടി ഇതിനൊപ്പം തുറക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. മുന്‍കരുതലിന്റെ ഭാഗമായി ബ്ലൂ അലര്‍ട്ട് നിലവിലുള്ള ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും നാളെ ഉയര്‍ത്തി വെള്ളം പുറത്തു വിടും. രാവിലെ 6 മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്.