ഇടുക്കി ഡാം തുറക്കില്ല; ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ്ധ സമിതി തീരുമാനിക്കും, ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കും

 | 
pinarai vijayan

ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡാമില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. അതാത് സംഭരണികളിലെ ജലനിരപ്പ് നോക്കി സമിതി തീരുമാനം എടുക്കും. ഡാമുകള്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ വിവരം അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള സമയം നല്‍കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍  തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതികള്‍ തുടരുന്നതിനാല്‍ ശബരിമല തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടനം ഒഴിവാക്കാനും തീരുമാനിച്ചു. കക്കി-ആനത്തോട് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ ഡാം തുറന്നിരിക്കുകയാണ്. ഇതുമൂലം പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴ മൂലം ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ ഈ ദിവസങ്ങളില്‍ തീര്‍ത്ഥാടനം അനുവദിക്കാനാവില്ലെന്നാണ് യോഗം വിലയിരുത്തിയത്. നിലയ്ക്കലില്‍ എത്തിയ തീര്‍ത്ഥാടകര മടക്കി അയക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.