മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കിയും തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

 | 
Idukki

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ ഇടുക്കി, ചെറുതോണി അണക്കെട്ടും തുറന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 141 അടി പിന്നിട്ടതോടെയാണ് അധികജലം പുറത്തേക്ക് ഒഴുക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചെറുതോണിയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി അണക്കെട്ടില്‍ ഇന്നലെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതു മൂലം ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളില്‍ എത്താന്‍ സാധ്യയുള്ളതിനാലാണ് ഷട്ടര്‍ തുറന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഇടുക്കിയില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.

സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവില്‍ 2399.40 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലം ഒഴുകിയെത്തുന്നതിന് മുന്‍പായി മുന്‍കരുതല്‍ എന്ന നിലയ്ക്ക് കൂടിയാണ് ഇടുക്കി തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറിലെ 3, 4 ഷട്ടറുകളാണ് തുറന്നത്.