കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗ്ഗരേഖ പുതുക്കി കേന്ദ്രം

 | 
Covid Death
കോവിഡ് മരണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മരണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ മാര്‍ഗ്ഗരേഖയനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും. ആശുപത്രിയിലോ വീട്ടിലോ സംഭവിക്കുന്ന മരണങ്ങള്‍ ഇത്തരത്തില്‍ കണക്കാക്കുന്ന വിധത്തിലാണ് പുതിയ രീതി. 

സുപ്രീം കോടതി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആര്‍ടിപിസിആര്‍, ആന്റിജന്‍ തുടങ്ങിയ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിച്ചിരിക്കണമെന്ന നിബന്ധന ഇതിനുണ്ട്. അതേസമയം കോവിഡ് ബാധിച്ചവരുടെ ആത്മഹത്യ, അപകട മരണം, കൊലപാതകം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. 

കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ നടക്കുന്ന മരണം മാത്രമേ നേരത്തേയുള്ള മാര്‍ഗ്ഗരേഖയനുസരിച്ച് കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 4 ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിയരുന്നു. കേന്ദ്രം ഇതിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.