ഷംസീർ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരും; വി ഡി സതീശൻ
മിത്ത് വിവാദം ഷംസീർ മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദം കെട്ടടങ്ങണം എന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ ആളിക്കത്തിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
സംഘപരിവാറിനും സിപിഐഎമ്മിനും ഒരേ അജണ്ടയാണ്. ഗോവിന്ദന് ഗോൾവാത്ക്കറെയും ഗാന്ധിയെയും തിരിച്ചറിയില്ല. അദ്ദേഹത്തിനെ പോലെ പണ്ഡിതനല്ല ഞാൻ. സിപിഐഎമ്മിന്റെ തന്ത്രം വർഗീയതയും ഭിന്നിപ്പുമുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയാണ്. ഗവൺമെന്റ് അവരുടെ ഭരണ പരാജയം മറച്ച് വയ്ക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
വിവാദങ്ങൾ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോൺഗ്രസ് നിശബ്ദത പാലിച്ചത്. വിശ്വാസികൾക്കൊപ്പമാണ് എക്കാലത്തും കോൺഗ്രസ് നിലകൊണ്ടിട്ടുള്ളത്. വിവിധ മതവിഭാഗങ്ങളുടെ ആചാരക്രമങ്ങൾ, വിശ്വാസങ്ങൾ, വ്യക്തി നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിലേക്ക് സർക്കാരോ കോടതികളോ ഇടപെടാൻ പാടില്ലായെന്നതാണ് തന്റെ നിലപാട് എന്ന് വി ഡി സതീശൻ വ്യക്തമാക്കി. ചരിത്ര സത്യം പോലെ വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. ശാസ്ത്ര ബോധത്തെ വിശ്വാസത്തോട് കൂട്ടിക്കെട്ടേണ്ടതില്ല. എല്ലാ മതഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങളും ശാസ്ത്രബോധത്തോട് പൊരുത്തപ്പെട്ട് പോകാത്തതാണെന്നും സതീശൻ പറഞ്ഞു.